2014, നവംബർ 26, ബുധനാഴ്‌ച

സമ്പൂര്‍ണ്ണ വര്‍ഷഫലം (രാശി അടിസ്‌ഥാനത്തില്‍)

1190 ചിങ്ങം 1 മുതല്‍ 1190 കര്‍ക്കടകം 31 വരെ ( 17-8-2014 മുതല്‍ 16-8-2015 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടരാശി ജാതര്‍ക്ക്‌ 2015 ജൂലൈ 14 വരെ ഗുരു നാലിലും ശേഷം അഞ്ചിലും ശനി 2014 നവംബര്‍ 2 വരെ ഏഴിലും അതിനുമേല്‍ അഷ്‌ടമത്തിലും രാഹു ആറിലും കേതു പന്ത്രണ്ടിലും ആകയാല്‍ പൊതുവേ ഈ വര്‍ഷം ഗുണദോഷമിശ്രത്തില്‍ ദോഷാധിക്യമാകുന്നു.
കണ്ടകശ്ശനി മാറി അഷ്‌ടമ ശനിയെന്ന ദോഷകാലമാകുന്നതിനാല്‍ ശനിയുടെ ചാരവശാലുള്ള മാറ്റം ഗുണം ചെയ്യില്ല. ദാമ്പത്യക്ലേശങ്ങള്‍ക്ക്‌ കുറവുവരുന്ന സമയമാണിത്‌. അകന്നുകഴിയുന്ന ദമ്പതികള്‍ തമ്മില്‍ യോജിക്കുവാന്‍ സാദ്ധ്യത കാണുന്നു.
വളരെക്കാലമായി ശത്രുതയില്‍ കഴിഞ്ഞിരുന്ന വ്യക്‌തികളുമായി ബന്ധങ്ങള്‍ പുനഃസ്‌ഥാപിക്കാന്‍ കഴിയും. സന്താനങ്ങള്‍ക്ക്‌ ശ്രേയസ്സും സാമ്പത്തികമായ അഭിവൃദ്ധിയും ഫലം. വര്‍ഷം തുടക്കത്തില്‍ അകാരണമായ കലഹം, ശത്രുഭീതി, സ്‌ഥാനചലനം എന്നിവയുണ്ടാകാമെങ്കിലും പകുതിക്കുശേഷം മാറ്റമുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ കാര്യങ്ങള്‍ ഫലപ്രാപ്‌തിയിലേക്ക്‌ കൊണ്ടുവരാന്‍ വിഷമിക്കേണ്ടിവരും.
തൊഴില്‍പരമായി വളരെ ശ്രദ്ധ വേണ്ടതായ സമയമാണ്‌. പുതിയ കാര്യങ്ങള്‍ കരുതലോടു മാത്രമേ ചെയ്യാവൂ. ബിസിനസ്സ്‌ രംഗത്തുള്ളവര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും അത്രകണ്ട്‌ ഗുണപ്രദമല്ല. കലാസാഹിത്യരംഗത്തുള്ളവര്‍ക്ക്‌ പക്ഷേ, ശോഭിക്കുവാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപനരംഗത്തുള്ളവര്‍ക്കും അത്രകണ്ട്‌ ഗുണപ്രദമല്ല. ആരോഗ്യസ്‌ഥിതി തൃപ്‌തികരമല്ല. ഉദരരോഗങ്ങള്‍ക്കും വിഷമജ്വരങ്ങള്‍ക്കും സാധ്യതയുണ്ട്‌. അഗമ്യങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ധനസമ്പാദനം വഴിയായോ മറ്റോ അപകീര്‍ത്തികള്‍ക്കും ഇടകാണുന്നു.
ദോഷപരിഹാരാര്‍ത്ഥമായി ശിവങ്കല്‍ ജന്മനക്ഷത്രം തോറും ധാര, പിന്‍വിളക്ക്‌ എന്നിവ നടത്തിക്കുക. സോമവാരവ്രതം അനുഷ്‌ഠിക്കുക.

ശിവന്‍

അത്യുഗ്ര ഹാലാ ഹല പാണി പദ്‌മം
ഗംഗാധരം ചന്ദ്രതുഷാരവര്‍ണ്ണം
ഗൗരീപതിം ഘോരഭൂജംഗഭൂഷം
ശ്രീ നീലകണ്‌ഠം ഹൃദി ഭാവയാമി


ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഈ രാശിക്കാര്‍ക്ക്‌ ഗുരു 2015 ജൂലൈ 14 വരെ മൂന്നിലും അതിനുമേല്‍ നാലിലും, ശനി 2014 നവംബര്‍ 2 വരെ ആറിലും അതിനുമേല്‍ ഏഴിലും രാഹു അഞ്ചിലും കേതു പതിനൊന്നിലുമാകയാല്‍ ഗുണദോഷമിശ്രത്തില്‍ ദോഷാധിക്യമായിരിക്കും. പൊതുവേ ഈ വര്‍ഷമനുഭവമാകുക.
വ്യാഴന്റെ പ്രതികൂല സ്‌ഥിതിയാലും ശനിയുടെ ഏഴാം ഭാവത്തിലേക്കുള്ള മാറ്റത്താലുമൊക്കെയായി അനിഷ്‌ടഫലങ്ങള്‍ ഒരുപാട്‌ പ്രതീക്ഷിക്കാവുന്ന വര്‍ഷമായതിനാല്‍ വളരെ കരുതലോടുകൂടി മാത്രമേ ഓരോ കാര്യത്തിലും ഇടപെടാവൂ.
അനാവശ്യ സംഭാഷണത്താല്‍ ആളുകളുടെ അപ്രീതിയുണ്ടാകാം. ദാമ്പത്യജീവിതത്തില്‍ കലഹവും സ്വജനവേര്‍പാടും ഫലമാണ്‌. കര്‍മ്മമേഖലയിലും ദോഷങ്ങള്‍ക്ക്‌ സാധ്യതയുള്ളതിനാല്‍ മുന്‍കോപവും എടുത്തുചാട്ടവും ഒഴിവാക്കേണ്ടതാണ്‌. കുടുംബസ്വത്തുക്കളെ സംബന്ധിച്ച്‌ ചില വ്യവഹാരങ്ങള്‍ വന്നുചേരും. വളരെ അടുത്ത ബന്ധമുള്ളവര്‍ക്ക്‌ ഉണ്ടാകുന്ന രോഗാദി ദുഃഖത്താല്‍ മനസ്സിന്‌ വിഷമതകള്‍ വന്നുചേരാം. കൃഷിയില്‍ നേട്ടം. വാഹനം ലഭിക്കാനിടയുണ്ട്‌.
വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂലമായ സമയമാണ്‌. ആരോഗ്യപരമായി വളരെ ശ്രദ്ധ വേണ്ടതായ സമയമാണ്‌. വീഴ്‌ച, മുറിവ്‌ എന്നിവയ്‌ക്കും യോഗം കാണുന്നു. കഴിഞ്ഞകാല പ്രവൃത്തികളുടെ ദൂഷ്യവശങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സമയമാണ്‌. ഒപ്പമുള്ള വ്യക്‌തികള്‍പോലും ശത്രുതാപരമായി പെരുമാറുന്നത്‌ മനസ്സിനെ വിഷമിപ്പിച്ചേക്കും. സാമ്പത്തികമായി ഗുണപ്രദമല്ലാത്ത സമയമായതിനാല്‍ ധനപരമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത്‌ നന്നായിരിക്കും.
ദോഷപരിഹാരാര്‍ത്ഥം ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തില്‍ ജന്മനക്ഷത്രംതോറും അര്‍ച്ചന, തുളസിമാല എന്നീ വഴിപാടുകള്‍ നടത്തിക്കുക.

ശ്രീകൃഷ്‌ണന്‍

ഫുല്ലേന്ദീവരകാന്തി മിന്ദുവദനം ബര്‍ഹാവതം സപ്രിയം
ശ്രീവത്സാങ്കമുദാരകൗസ്‌തുഭധരം പീതാംബരം സുന്ദരം
ഗോപീനാം നയനോല്‌പാര്‍ച്ചിതതനും ഗോഗോപസംഘാം വൃതാ
ഗോവിന്ദം കരവേണു വാദനപരം ദിവ്യാംഗഭൂഷം ഭജേ.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഈ രാശിയില്‍ ജനിച്ചവര്‍ക്ക്‌ ഗുരു 2015 ജൂലൈ 14 വരെ രണ്ടിലും അതിനുമേല്‍ മൂന്നിലും ശനി 2014 നവംബര്‍ 2 വരെ അഞ്ചിലും ശേഷം ആറിലും രാഹു നാലിലും കേതു പത്തിലും ആയതുകൊണ്ട്‌ ഈ വര്‍ഷം പൊതുവേ ഗുണപ്രദമായ സമയമാണ്‌.
ഉയര്‍ന്ന സ്‌ഥാനമാനലബ്‌ധി, വിശേഷവസ്‌ത്രാഭരണസിദ്ധി, സജ്‌ജനബഹുമാന്യത തുടങ്ങി അനവധി ഗുണങ്ങള്‍ വരുന്ന സമയമാണ്‌. വളരെക്കാലമായി ആഗ്രഹിച്ചിരുന്നതോ, മുടങ്ങിക്കിടപ്പുള്ളതോ ആയ പദ്ധതികള്‍ പുനരാരംഭിക്കുവാന്‍ സാധിക്കും. കര്‍മ്മരംഗം മെച്ചപ്പെടും.
ബിസിനസ്‌ രംഗത്തുള്ളവര്‍ക്ക്‌ ഏറെ ഗുണം ചെയ്യുന്ന സമയമായതിനാല്‍ ബിസിനസ്സ്‌ ശൃംഖല വര്‍ദ്ധിപ്പിക്കാനുതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിനുള്ള അവസരങ്ങള്‍ വന്നുചേരും. വിവാഹാദി മംഗളകര്‍മ്മസിദ്ധി, വാഹനലാഭം തുടങ്ങിയവയും പ്രതീക്ഷിക്കാം. പ്രതികൂലമായ സാഹചര്യങ്ങളെപ്പോലും വാക്‌ചാതുര്യംകൊണ്ട്‌ അനുകൂലമാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്‌.
അസൂയാലുക്കളുടെ എണ്ണം ക്രമാതീതമായി ഉയരാനുമിടയുണ്ട്‌. വിശ്വാസവഞ്ചനയ്‌ക്കും ഇട കാണുന്നതിനാല്‍ കടം കൊടുക്കുക, ജാമ്യം നില്‍ക്കുക എന്നിവ ഒരു കാരണവശാലും ചെയ്യരുത്‌. പുതിയ ഗൃഹം, വസ്‌തു എന്നിവ വാങ്ങുവാന്‍ സാധിക്കും.
കലാസാഹിത്യരംഗത്തുള്ളവര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഏറെ നേട്ടമുണ്ടാകുന്ന സമയമാണ്‌. ശത്രുക്കളില്‍ നിന്നുപോലും അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. യാത്രാവേളകളില്‍ ആപദ്‌ സാധ്യത കാണുന്നതിനാല്‍ അസമയത്തുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുക.
ദോഷപരിഹാരാര്‍ത്ഥമായി ഭഗവതിയിങ്കല്‍ ലളിതാ സഹസ്രനാമാര്‍ച്ചന, വിളക്ക്‌, മാല എന്നീ വഴിപാടുകള്‍ മാസംപ്രതി ജന്മനക്ഷത്രത്തിന്‌ നടത്തിക്കുക.
ശുക്രവാരവ്രതം അനുഷ്‌ഠിക്കുന്നത്‌ ഗുണം ചെയ്യും.

ശ്രീമഹാലക്ഷ്‌മി

പത്മാസനസ്‌ഥിതേ ദേവീ
പരബ്രഹ്‌മ സ്വരൂപിണീ
പരമേശ്വരീ ജഗന്മാതാ
മഹാലക്ഷ്‌മീ നമോസ്‌തുതേ.


കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ഈ രാശിജാതര്‍ക്ക്‌ ഗുരു 2015 ജൂലൈ 14 വരെ ജന്മത്തിലും ശേഷം ധനഭാവത്തിലും, ശനി 2014 നവംബര്‍ 2 വരെ നാലിലും അതിനുമേല്‍ അഞ്ചിലും രാഹു മൂന്നിലും കേതു ഒമ്പതിലുമാകയാല്‍ പൊതുവെ ഈ വര്‍ഷം ഗുണദോഷമിശ്രമായിരിക്കും.
തുടക്കത്തില്‍ ഒരുപാടു പ്രതിബന്ധങ്ങള്‍ വന്നുചേരുമെങ്കിലും പകുതിക്കുമേല്‍ ഗുണം ചെയ്യുന്ന സമയമാണ്‌. കുടുംബത്തിലെ ചില വ്യക്‌തികളുമായി ഇടയ്‌ക്കിടെ കലഹങ്ങള്‍ ഉണ്ടാകാം. അകാരണമായ ഭയവും ഉത്‌കണ്‌ഠയും നിമിത്തം പല കാര്യങ്ങളും ശരിയായി ചെയ്യാന്‍ സാധിക്കാത്ത അവസ്‌ഥകള്‍ വരാം.
തൊഴില്‍ മേഖലയില്‍ കാര്യമായ പ്രയാസങ്ങള്‍ അനുഭവപ്പെട്ടില്ലെങ്കില്‍ക്കൂടിയും ധനപരമായി അത്ര ഗുണപ്രദമല്ല. അനാവശ്യ ചെലവുകളാലും മറ്റും സാമ്പത്തിക പ്രതിസന്ധി വന്നുചേരും. അടുത്ത സുഹൃത്തുക്കളുമായി ചില തെറ്റിദ്ധാരണകള്‍കൊണ്ട്‌ കലഹങ്ങളുണ്ടായേക്കാം.
കുടുംബത്തില്‍നിന്നോ, നാട്ടില്‍നിന്നുതന്നെയോ മാറിത്താമസിക്കാനുമിടകാണുന്നുണ്ട്‌. പല തരത്തിലുള്ള ചിന്തകള്‍ മൂലം മനസ്സ്‌ അസ്വസ്‌ഥമായേക്കാനിടയുണ്ട്‌. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂലം.
പുതിയ ഗൃഹം നിര്‍മ്മിക്കുന്നതിനോ, വസ്‌തു വാങ്ങുന്നതിനോ ഇട കാണുന്നുണ്ട്‌. ദീര്‍ഘകാലമായി അലട്ടിയിരുന്ന രോഗങ്ങളില്‍നിന്നും മോചനം ലഭിക്കാനും ഇടയുണ്ട്‌. കാര്‍ഷികരംഗത്തുളളവര്‍ക്ക്‌ പ്രതികൂലസാഹചര്യങ്ങള്‍ വന്നുചേരും. ഗവണ്‍മെന്റ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലമാറ്റത്തിനും ഉന്നത ഉദ്യോഗസ്‌ഥരുടെ എതിര്‍പ്പിനും സാധ്യതയുണ്ട്‌. വീട്ടമ്മമാര്‍ക്കും ഉദ്യോഗസ്‌ഥരായ സ്‌ത്രീകള്‍ക്കും അത്രകണ്ട്‌ ഗുണപ്രദമല്ല.
ദോഷപരിഹാരാര്‍ത്ഥമായി ഭഗവതിയിങ്കല്‍ ഭാഗ്യസൂക്‌ത പുഷ്‌പാഞ്‌ജലി, നെയ്യ്‌വിളക്ക്‌, പായസം എന്നീ വഴിപാടുകള്‍ ജന്മനക്ഷത്രംതോറും നടത്തിക്കുക.
കുജവാരവ്രതം അനുഷ്‌ഠിക്കുന്നത്‌ നല്ലതാണ്‌.

ഭുവനേശ്വരി

ഉദ്യദിനദ്യുതി മിന്ദുകിരീടാം
തുംഗകുചാം നയനത്രയയുക്‌താം
സ്‌മേരമുഖിം വരദാങ്കുശപാശാം
ഭീതികരിം പ്രഭജേ ഭുവനേശ്വരിം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ഗുരു 2015 ജൂലൈ 14 വരെ വ്യയത്തിലും ശേഷം ജന്മത്തിലും ശനി 2014 നവംബര്‍ 2 വരെ മൂന്നിലും അതിനുമേല്‍ നാലിലും, രാഹു രണ്ടിലും കേതു അഷ്‌ടമത്തിലുമായതുകൊണ്ട്‌ പൊതുവേ ഗുണദോഷസമ്മിശ്രങ്ങളായ ഫലങ്ങളാകും ഈ വര്‍ഷം അനുഭവമാകുക.
ഗൃഹലാഭം, ധനലാഭം, വസ്‌തു-വാഹനലാഭം എന്നിവ അനുഭവമാകാമെങ്കിലും കാര്യതടസ്സം, ഇഷ്‌ടബന്ധുജന വേര്‍പാട്‌, ശാരീരികാസ്വസ്‌ഥത, മനഃപ്രയാസം എന്നീ വിഷമതകളും വന്നുചേരും. ജീവിതത്തില്‍ പരിചിതമല്ലാത്ത സന്ദര്‍ഭങ്ങളെ നേരിടേണ്ടതായ അവസ്‌ഥ വന്നേക്കാം. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക്‌ യോഗം കാണുന്നുണ്ട്‌. സാമ്പത്തികമായി വരവുണ്ടാകാമെങ്കിലും അപ്രതീക്ഷിതവും അനാവശ്യവുമായ ചെലവുകളാല്‍ പ്രയാസം അനുഭവമാകാം. സ്വജനങ്ങളുമായി ഇടയ്‌ക്കിടെ ഉണ്ടാകുന്ന കലഹങ്ങളും രോഗാദി അരിഷ്‌ടതകളും മാനസികസംഘര്‍ഷത്തിന്‌ കാരണമാകും.
ദാമ്പത്യജീവിതത്തിലും അസ്വാരസ്യങ്ങള്‍ക്കിടയുണ്ട്‌. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ വഴി ദോഷങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ മോശമായ കൂട്ടുകെട്ടുകളില്‍നിന്നും ഒഴിഞ്ഞുമാറി നില്‍ക്കണം.
പൊതുപ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക്‌ അത്ര അനുകൂലമല്ല. കര്‍മ്മപരമായ മേഖലകളില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ നടത്തി അനുകൂല ഫലമുണ്ടാക്കിയെടുക്കുവാന്‍ സാധിക്കും. തന്നിമിത്തം പ്രശസ്‌തി, അംഗീകാരം, എന്നിവ ലഭിക്കാം. ആപത്‌ സന്ദര്‍ഭങ്ങളുണ്ടാകുമെങ്കിലും ഉചിതമായ പ്രവൃത്തികളിലൂടെ അവയെ തരണം ചെയ്യാനും സാധിക്കും. കാല്‌, മുട്ട്‌, സന്ധികള്‍ ഇവ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചേക്കാം. എടുക്കുന്ന തീരുമാനങ്ങളില്‍ പാളിച്ച പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.
ദോഷപരിഹാരാര്‍ത്ഥമായി, വിഷ്‌ണുക്ഷേത്രത്തില്‍ ജന്മനക്ഷത്രം തോറും ദര്‍ശനം നടത്തുക. പുരുഷസൂക്‌താര്‍ച്ചന, പാല്‍പ്പായസം എന്നീ വഴിപാടുകള്‍ നടത്തുക. ഏകാദശിവ്രതം അനുഷ്‌ഠിക്കുന്നത്‌ ഗുണപ്രദമാണ്‌.

ശ്രീ മഹാവിഷ്‌ണു

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്‌മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ വിഷ്‌ണും ഭവഭയഹരം സര്‍വ്വലോകൈകനാഥം.


കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഈ രാശി ജാതര്‍ക്ക്‌ ഗുരു 2015 ജൂലൈ 14 വരെ സര്‍വ്വാഭീഷ്‌ടരാശിയിലും അതിനുമേല്‍ വ്യയത്തിങ്കലും ശനി 2014 നവംബര്‍ 2 വരെ ധനത്തിലും ശേഷം മൂന്നിലും രാഹു ജന്മത്തിലും കേതു ഏഴിലും ആയതുകൊണ്ട്‌, ഗുണദോഷമിശ്രത്തില്‍ ഗുണപ്രദമായ സമയമാണ്‌.
കുറേക്കാലമായി അനുഭവിച്ചുവന്നിരുന്ന ഏഴരശ്ശനിയുടെ ദോഷഫലങ്ങള്‍ മാറുന്ന വര്‍ഷമാണിത്‌.
തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. സാമ്പത്തിക അഭിവൃദ്ധി, നൂതന ഗൃഹ നിര്‍മ്മാണയോഗം രാജകീയ ബഹുമാന സ്‌ഥാനലബ്‌ധി തുടങ്ങിയ അനുകൂല ഫലങ്ങള്‍ വന്നുചേരും. നഷ്‌ടപ്പെട്ടുവെന്നു കരുതിയ പല സംഗതികളും തിരിച്ചുപിടിക്കാന്‍ കഴിയും. വ്യവഹാരവിജയം, ശത്രുജയം തുടങ്ങിയവയും കാണുന്നുണ്ട്‌.
പ്രണയകാര്യങ്ങളില്‍ വിജയം, വിവാഹാദി മംഗളകാര്യസിദ്ധി എന്നിവയും പ്രതീക്ഷിക്കാം. കാര്‍ഷിക വ്യവസായിക മേഖലയില്‍ പുരോഗതിയുണ്ടാകും. കുടുംബപരമായും ഗുണം ചെയ്യുന്ന സമയമാണ്‌. സന്താനങ്ങള്‍ക്ക്‌ ശ്രേയസ്സ്‌, മാതൃപിതൃസൗഖ്യം എന്നിവയുമനുഭവമാകും.
സഹായികളില്‍നിന്നോ, സോദരസ്‌ഥാനീയരില്‍നിന്നോ വഞ്ചനാപരമായ പെരുമാറ്റങ്ങളുണ്ടാകും. വാഹനസംബന്ധമായ ചില അപകടങ്ങള്‍ക്ക്‌ സാധ്യതയുള്ളതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ കഴിവതും കുറയ്‌ക്കുക. ഉദ്യോഗസ്‌ഥര്‍ക്ക്‌ പ്രവര്‍ത്തന മേഖലയില്‍ സ്‌ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനയും ഉണ്ടാകും. ശത്രുതയില്‍ കഴിഞ്ഞിരുന്ന വ്യക്‌തികള്‍ ശത്രുത മറന്ന്‌ സൗഹൃദഭാവത്തില്‍ സമീപിക്കാം. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ കഴിയുന്ന സമയമാണിത്‌.
ദോഷപരിഹാരാര്‍ത്ഥമായി ശ്രീ വിഘ്‌നേശ്വരക്ഷേത്രത്തിങ്കല്‍ മോദകം, ഒറ്റപ്പം എന്നീ വഴിപാടുകള്‍ മാസംപ്രതി ജന്മനക്ഷത്രത്തില്‍ നടത്തി ഏത്തമിട്ട്‌ തൊഴുതു പ്രാര്‍ത്ഥിക്കുക.

ശ്രീവിഘ്‌നേശ്വരന്‍

ഗണാധിനാഥം ഭുവനത്രയാണാം
കല്യാണകര്‍ത്താരമനന്തകീര്‍ത്തിം
ഉപാസമഹേവിഘ്‌നനിവാരണായ
സ്‌കന്ദാരഗ്രജം സര്‍വ്വ ജയസ്യഹേതും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഗുരു 2015 ജൂലൈ 14 വരെ കര്‍മ്മത്തിലും അതിനുമേല്‍ ലാഭത്തിലും. ശനി 2014 നവംബര്‍ 2 വരെ ജന്മത്തിലും അതിനുമേല്‍ രണ്ടിലും രാഹു പന്ത്രണ്ടിലും കേതു ആറിലുമാകയാല്‍ ഗുണദോഷസമ്മിശ്രമായ ഫലങ്ങളായിരിക്കും ഈ വര്‍ഷം അനുഭവമാകുക.
വിവാഹം, ജോലി, ഇവയ്‌ക്ക് തടസ്സമുണ്ടായിരുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ മാറി കാര്യജയമുണ്ടാകും. സന്താനപരമായ വിഷമതകള്‍ മാറിക്കിട്ടും. പ്രവര്‍ത്തന മേഖലയില്‍ പ്രതീക്ഷിക്കാത്ത വ്യക്‌തികളില്‍നിന്നും എതിര്‍പ്പുകളുണ്ടാകാം. സ്‌ഥാനചലനം, വാക്ക്‌തര്‍ക്കം എന്നിവയ്‌ക്കും ഇട കാണുന്നുണ്ട്‌. സ്‌ത്രീകള്‍ നിമിത്തം അപമാനത്തിനും ദുരാരോപണത്തിനും സാധ്യതയുള്ളതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ കരുതല്‍ പാലിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും മൂലം ധനനഷ്‌ടത്തിനിടയുണ്ട്‌. ഭൂമിപരമായ ഇടപാടുകളില്‍ ചതിവുപറ്റാനും സാധ്യതയുണ്ട്‌.
ക്ഷതപതന ദുരിതങ്ങള്‍ക്കിടയുള്ളതിനാല്‍ ഇരുചക്രവാഹനക്കാരും അപകടകരങ്ങളായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ശ്രദ്ധിക്കേണ്ടതാണ്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ അലസത വര്‍ധിക്കും. കലാസാഹിത്യരംഗത്തുള്ളവര്‍ക്കും ഗുണപ്രദമല്ലാത്ത സമയമാണ്‌.
മാതാപിതാക്കള്‍ക്ക്‌ അരിഷ്‌ടതകള്‍ വന്നുചേരാം. ഔഷധസേവയും ആശുപത്രിവാസവും വേണ്ടിവന്നേക്കാം. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകള്‍ പ്രത്യേകിച്ച്‌ വയര്‍, കാല്‍ മുതലായ അവയവങ്ങള്‍ക്ക്‌ രോഗബാധയുണ്ടാവാനിയുണ്ട്‌. വളരെ അടുപ്പമുണ്ടായിരുന്ന ചിലരുടെ വേര്‍പാടുകളോ, അകല്‍ച്ചയോ മനോവിഷമത്തിന്‌ കാരണമായേക്കാം.
ദോഷപരിഹാരാര്‍ത്ഥമായി ശ്രീ അയ്യപ്പസ്വാമിക്ഷേത്രത്തില്‍ മാസംപ്രതി ജന്മനക്ഷത്രത്തിന്‌ നീരാജനം, എള്ളുപായസം, ഹരിഹരസൂക്‌താര്‍ച്ചന എന്നീ വഴിപാടുകള്‍ നടത്തിക്കുക.
ശനിവാരവ്രതം അനുഷ്‌ഠിക്കുക.

ശ്രീ അയ്യപ്പന്‍

ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്‌തേ തുഭ്യം നമോനനഃ


വൃശ്‌ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഗുരു 2015 ജൂലൈ 14 വരെ ഭാഗ്യത്തിലും അതിനുമേല്‍ കര്‍മ്മത്തിലും. ശനി 2014 നവംബര്‍ 2 വരെ പന്ത്രണ്ടിലും അതിനുമേല്‍ ജന്മത്തിലും രാഹു പതിനൊന്നിലും കേതു അഞ്ചിലുമാകയാല്‍ പൊതുവേ ഗുണദോഷസമ്മിശ്രമായ വര്‍ഷമാണിത്‌.
കര്‍മ്മമേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കുമെങ്കില്‍ക്കൂടിയും അദ്ധ്വാനത്തിന്‌ അനുസരിച്ചുള്ള ഫലം പ്രായേണ കുറവായിരിക്കും. ദീര്‍ഘകാലപദ്ധതികള്‍ പലതും തുടങ്ങിവയ്‌ക്കാന്‍ കഴിയും. കുടുംബപരമായി അത്ര ഗുണപ്രദമല്ല. ബന്ധുജനങ്ങളും സുഹൃത്തുക്കളുമായി അകാരണമായ വിദ്വേഷങ്ങളുണ്ടാകാം.
വരുമാനമുണ്ടാകുമെങ്കില്‍ക്കൂടിയും അപ്രതീക്ഷിത ചെലവുകള്‍ നിമിത്തം സാമ്പത്തിക പ്രയാസം അനുഭവമാകും. ഭാഗ്യപൂര്‍ണ്ണമായ അവസരങ്ങള്‍ പലതും വന്നുചേരുമെങ്കില്‍ തന്നെയും അതിനെ ശരിയായി വിനിയോഗിക്കുന്നതില്‍ പരാജയപ്പെട്ടേക്കാം. ആരോഗ്യസ്‌ഥിതിയും അത്രകണ്ട്‌ ഗുണപ്രദമല്ല. നാഡീസംബന്ധമായോ, പാദസംബന്ധമായോയുള്ള രോഗങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. കോടതി-പോലീസ്‌ സംബന്ധമായി ഉന്നതസ്‌ഥാനീയരില്‍ നിന്ന്‌ ബുദ്ധിമുട്ടുകളുണ്ടാകാം.
വാഹനസംബന്ധമായ ഇടപാടുകളില്‍ ചില നഷ്‌ടങ്ങളും കഷ്‌ടതകളും വന്നേക്കാനുമിടയുണ്ട്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാവിജയവും ഉപരിപഠന സാധ്യതയുമുണ്ടാകും. കാര്‍ഷികരംഗത്തുള്ളവര്‍ക്കും വലിയ ദോഷം പറയാനില്ല. ഔദ്യോഗികരംഗത്ത്‌ ചില പരിവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത കാണുന്നു. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ പലവിധ തടസ്സങ്ങള്‍ വന്നുചേരുവാനിടയുണ്ട്‌.
ദോഷപരിഹാരാര്‍ത്ഥമായി, ശ്രീവിഷ്‌ണുവിങ്കല്‍ അര്‍ച്ചന, പാല്‍പ്പായസം മുതലായ വഴിപാടുകള്‍ മാസംപ്രതി ജന്മനക്ഷത്രംതോറും നടത്തുക. വിഷ്‌ണുസഹസ്രനാമം ജപിക്കുന്നതും, ഗുരുവാര വ്രതമെടുക്കുന്നതും നല്ലതാണ്‌.

ശ്രീ മഹാവിഷ്‌ണു

ഭാസ്വദ്‌ ഭാസ്വല്‍ സഹസ്രപ്രഭമരി ദരകൗമോദകീ
പങ്കജാനീ
ദ്രാഘിഷ്‌ഠൈര്‍ ബാഹുദണ്‌ഡൈര്‍ ദൂധതമജിത-
മാപീത വാസോവസാനം
ധ്യായേല്‍ സ്‌ഫായല്‍ കിരീടോജ്വല മകുടമഹാകുണ്ഡലം വന്യമാലാ
വത്സശ്രീ കൗസ്‌തുഭാഢ്യം സ്‌മിതമധുരമുഖം
ശ്രീധരാ ശ്ലീഷ്‌ടപാര്‍ശ്വം


ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ഗുരു 2015 ജൂലൈ 14 വരെ അഷ്‌ടമത്തിലും അതിനുമേല്‍ ഭാഗ്യത്തിലും ശനി 2014 നവംബര്‍ 2 വരെ പതിനൊന്നിലും അതിനുമേല്‍ പന്ത്രണ്ടിലും രാഹു പത്തിലും കേതു നാലിലുമാകയാല്‍ ഗുണദോഷമിശ്ര ഫലം. കുടുംബക്കാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമൊക്കെ പ്രതീക്ഷിക്കാത്ത വാക്കുകള്‍ കേള്‍ക്കേണ്ടതായിവരാം. കുടുംബത്തില്‍ പൊതുവേ സ്വസ്‌ഥതയും സമാധാനവും കുറയാനിടയുണ്ട്‌.
തൊഴില്‍ മേഖലയില്‍ അപ്രതീക്ഷിതമായി പ്രതിബന്ധങ്ങള്‍ വന്നുചേരാമെങ്കില്‍ക്കൂടിയും സമചിത്തതയോടെ പ്രവര്‍ത്തിച്ച്‌ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ സാധിക്കും. വിവാഹാദി മംഗള കര്‍മ്മത്തിനിടയുണ്ട്‌. സന്താനാഭിവൃദ്ധി, വാഹനഭാഗ്യം എന്നിവയ്‌ക്കും യോഗമുണ്ട്‌. സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ കുറ്റാരോപണങ്ങള്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. രാഷ്‌ട്രീയരംഗത്തുള്ളവര്‍ക്ക്‌ പൊതുജന സമ്മതി കുറയാം.
അപവാദാരോപണങ്ങള്‍ കേള്‍ക്കാനിടയുള്ളതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍നിന്ന്‌ ബോധപൂര്‍വം ഒഴിഞ്ഞുമാറി നില്‍ക്കുക. പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും വിജയപ്രതീക്ഷ കുറവായിരിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. സാമ്പത്തിക ക്രമക്കേടുകള്‍ക്കിടയുള്ളതിനാല്‍ കൊടുക്കല്‍വാങ്ങലുകളില്‍ ശ്രദ്ധ പുലര്‍ത്തുക. മനഃസ്വസ്‌ഥത കെടുത്തുന്ന കാര്യങ്ങള്‍ ഇടയ്‌ക്കിടെ ഉണ്ടായിക്കൊണ്ടേയിരിക്കും.
യാത്രാവേളകളിലോ മറ്റോ വസ്‌തുക്കള്‍ കൈമോശം വരാം. തസ്‌ക്കരഭയത്തിനും ഇടയുണ്ട്‌. ഞരമ്പുസംബന്ധമായും, വാതസംബന്ധമായുമുള്ള അസുഖങ്ങള്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. ദോഷപരിഹാരാര്‍ത്ഥമായി ശ്രീസുബ്രഹ്‌മണ്യസ്വാമിക്ക്‌ പഞ്ചാമൃതം, ഭസ്‌മാഭിഷേകം, പാലഭിഷേകം എന്നീ വഴിപാടുകള്‍ മാസംതോറും ജന്മനക്ഷത്ര ദിവസം നടത്തിക്കുക. ഷഷ്‌ഠിവ്രതം അനുഷ്‌ഠിക്കാം.
അരയാല്‍ പ്രദക്ഷിണം നടത്തുന്നതും ഗുണകരമാണ്‌.

ശ്രീസുബ്രഹ്‌മണ്യന്‍

ഷഢാനനം കുങ്കുമ രക്‌തവര്‍ണ്ണം
മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യ സൂനും സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദെ്യ.


മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഗുരു 2015 ജൂലൈ 14 വരെ ഏഴിലും, അതിനുമേല്‍ അഷ്‌ടമത്തിലും, ശനി 2014 നവംബര്‍ 2 വരെ പത്തിലും, അതിനുമേല്‍ സര്‍വ്വാഭീഷ്‌ടരാശിയിലും, രാഹു ഒന്‍പതിലും കേതു മൂന്നിലുമാകയാല്‍ ഈ വര്‍ഷം പൊതുവേ ഗുണകരമായിരിക്കും.
കുടുംബത്തില്‍ പൊതുവെ സ്വസ്‌ഥതയും സമാധാനവുമുണ്ടാകും. സാമ്പത്തിമായി വളരെ ഗുണം ചെയ്യുന്ന സമയമാണിത്‌.
ഊഹക്കച്ചവടക്കാര്‍ക്കും ബിസിനസ്‌ രംഗത്തുള്ളവര്‍ക്കും ഗുണകരം. കണ്ടകശ്ശനി മാറുന്ന വര്‍ഷമായതിനാല്‍ തൊഴില്‍പരമായ ബുദ്ധിമുട്ടുകളെല്ലാം മാറിക്കിട്ടുന്നതാണ്‌. സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ പ്രമോഷനും, സ്‌ഥലംമാറ്റവും പ്രതീക്ഷിക്കാം. ദമ്പതികള്‍ക്ക്‌ ഒരുമിച്ചു താമസിക്കുവാന്‍ തക്കവണ്ണമുള്ള മാറ്റങ്ങളുണ്ടായേക്കാം.
ദാമ്പത്യസൗഖ്യം, സന്താനശ്രേയസ്സ്‌ തുടങ്ങിയ ഗണങ്ങള്‍ക്കൊപ്പം വാഹനപരമായും ഭൂമിപരമായും അഭിവൃദ്ധികളുണ്ടാകാം. വിദേശത്തേക്ക്‌ ജോലിക്ക്‌ ശ്രമിക്കുന്ന വ്യക്‌തികള്‍ക്ക്‌ അനുകൂല സമയമാണ്‌. ചില സൗഹൃദബന്ധങ്ങള്‍ തകരാനും അതുവഴി സാമ്പത്തിക നഷ്‌ടങ്ങളുണ്ടാകാനുമിടയുണ്ട്‌.
പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ചികിത്സാരംഗത്തുള്ളവര്‍ക്കും ഗുണകരമായ സമയമാണ്‌. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുക നിമിത്തം വിഷമതകള്‍ വന്നുചേരാം. കൃഷി-വ്യവസായ മേഖലയില്‍ അപ്രതീക്ഷിത ധനലാഭമുണ്ടാകാം. കാര്യങ്ങളെ ശരിയായി അപഗ്രഥിച്ച്‌ നീങ്ങുക നിമിത്തം പരാജയ സാധ്യതകളുള്ള വിഷയങ്ങളെപ്പോലും അനുകൂലമാക്കി മാറ്റിയെടുക്കാന്‍ സാധിക്കും. വിദേശ- വിനോദയാത്രകള്‍ക്കോ, പുണ്യസ്‌ഥല ക്ഷേത്രദര്‍ശനത്തിനോ സാധ്യതയുണ്ട്‌.
ദോഷപരിഹാരാര്‍ത്ഥമായി ഭഗവതിയിങ്കല്‍ കുങ്കുമാര്‍ച്ചന, ശ്രീസൂക്‌താര്‍ച്ചന, ത്രിമധുരം, രക്‌തപുഷ്‌പാഞ്‌ജലി എന്നീ വഴിപാടുകള്‍ മാസംപ്രതി ജന്മനക്ഷത്രം തോറും നടത്തിക്കുക. ലളിതാസഹസ്രനാമം ജപിക്കുന്നതും ഗുണകരമാണ്‌.

ശ്രീമൂകാംബിക

ശ്രീമൂര്‍ത്തി ശക്‌തി സംഭൂതാം
ശ്രീവിദ്യാം മന്ത്ര മാതൃകാം
ശ്രീചക്രമദ്ധ്യ നിലയാം
ധ്യായേത്‌ മൂകാംബികാ സദാ.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

ഗുരു 2015 ജൂലൈ 14 വരെ ആറിലും അതിനുമേല്‍ ഏഴിലും ശനി 2014 നവംബര്‍ 2 വരെ ഒന്‍പതിലും അതിനുമേല്‍ പത്തിലും, രാഹു അഷ്‌ടമത്തിലും കേതു ധനത്തിലുമാകയാല്‍ ഗുണദോഷസമ്മിശ്രമായ ഫലങ്ങളാകും പൊതുവേ ഈ വര്‍ഷം അനുഭവമാകുക. കുടുംബപരമായി അനുകൂലമായ സമയമാണ്‌. സന്താനങ്ങളെക്കൊണ്ട്‌ നന്മയും സന്തോഷവും അനുഭവിക്കുവാനിടവരും. വാഹനം, ഭൂമി മുതലായവയില്‍നിന്ന്‌ ധനാഗമവും പ്രതീക്ഷിക്കാം. തൊഴില്‍രംഗത്ത്‌ പുതിയ ശത്രുതകള്‍ ഉടലെടുക്കും.
വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുക നിമിത്തം പ്രശ്‌നങ്ങളുണ്ടാകാനിടയുള്ളതിനാല്‍ സംസാരത്തില്‍ മിതത്വം പാലിക്കുക. പൊതുപ്രവര്‍ത്തകര്‍ക്ക്‌ പ്രതീക്ഷിക്കാത്ത മേഖലകളില്‍നിന്നുപോലും എതിര്‍പ്പുകളെ നേരിടേണ്ടതായിവരാം. സാമ്പത്തികമായി വലിയ ദോഷങ്ങള്‍ക്കിടയില്ല. ഇഷ്‌ടബന്ധുജനങ്ങളുടെ വിയോഗങ്ങള്‍ വഴി മാനസിക വിഷമതകളുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ പൊതുവേ നല്ല കാലമാണ്‌.
ആഡംബരവസ്‌തുക്കള്‍ ലഭിക്കുന്നതിനും ഗൃഹം മോടി പിടിപ്പിക്കുന്നതിനും ഇടവരുന്നതാണ്‌. വിദേശയാത്രാ പരിശ്രമങ്ങള്‍ക്ക്‌ തടസ്സം നേരിടാനിടയുണ്ട്‌. കലാസാംസ്‌കാരികരംഗത്തുള്ളവര്‍ക്കും നിയമരംഗത്തുള്ളവര്‍ക്കും ഗുണകരമല്ലാത്ത സമയമാണ്‌. പുണ്യസ്‌ഥലങ്ങളിലേക്ക്‌ തീര്‍ത്ഥാടനത്തിന്‌ അവസരം ലഭിക്കുന്നതാണ്‌. മറ്റുള്ളവരുടെ തെറ്റായ ഉപദേശങ്ങള്‍ സ്വീകരിക്കുകവഴി പ്രയാസങ്ങള്‍ക്കിടയുണ്ട്‌.
ദോഷപരിഹാരാര്‍ത്ഥമായി അവതാരവിഷ്‌ണു (ശ്രീകൃഷ്‌ണന്‍, ശ്രീരാമന്‍) ക്ഷേത്രങ്ങളില്‍ അര്‍ച്ചന മുതലായ വഴിപാടുകള്‍ മാസംതോറും നടത്തിക്കുക.വിഷ്‌ണുസഹസ്രനാമം ജപിക്കുന്നതും നല്ലതാണ്‌.

ശ്രീരാമന്‍

കാളാംഭോധര കാന്തികാന്തമനിശം വീരാസനാദ്ധ്യാസിനം
മുദ്രാം ജ്‌ഞാനമയിം ദധാനമപരം ഹസ്‌താംബുജം ജാനുനി
സീതാം പാര്‍ശ്വകരാം സരോരുഹകരാം വിദ്യുന്നിഭാം രാഘവാം
പശ്യന്തം മകുടാം ഗദാദി വിവിധാ കല്‌പജ്വലാംഗം ഭജേ.


മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഗുരു 2015 ജൂലൈ 14 വരെ അഞ്ചിലും അതിനുമേല്‍ ആറിലും ശനി 2014 നവംബര്‍ 2 വരെ അഷ്‌ടമത്തിലും അതിനുമേല്‍ ഒന്‍പതിലും രാഹു ഏഴിലും കേതു ജന്മത്തിലുമാകയാല്‍ പൊതുവേ ഈ വര്‍ഷം ഗുണദോഷമിശ്രത്തില്‍ ഗുണാധിക്യമായ കാലമാണ്‌.
വിവാഹാദികാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ നീങ്ങി കാര്യങ്ങള്‍ സഫലമാകും. തൊഴില്‍പരമായും കുടുംബപരമായും അഭിവൃദ്ധിയുണ്ടാകുന്ന സമയമാണ്‌. കലഹിച്ചുനിന്നിരുന്ന ദമ്പതികള്‍ ഒന്നിച്ചു ചേരുവാനുള്ള അവസരങ്ങളുണ്ടാകും. സന്താനഗുണം കുടുംബസുഖം എന്നിവ പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ പുരസ്‌ക്കാരങ്ങളും മറ്റും ലഭിക്കാം.
നൂതന കര്‍മ്മാരംഭം, പുതിയ ഗൃഹനിര്‍മ്മാണയോഗം, ഉയര്‍ന്ന സ്‌ഥാനമാനലബ്‌ധി തുടങ്ങിയ സല്‍ഫലങ്ങളനുഭവമാകും. ചില ഭാഗങ്ങളില്‍നിന്ന്‌ ദുരാരോപണങ്ങളോ, എതിര്‍പ്പുകളോ ഉണ്ടാകാമെങ്കിലും ധീരമായി അതിനെ ചെറുത്തുതോല്‌പിക്കാനും കഴിയുന്നതാണ്‌. സിനിമാ മുതലായ കലാരംഗത്തുള്ളവര്‍ക്ക്‌ പ്രവര്‍ത്തന മേഖലയില്‍ നേട്ടവും വിജയവുമുണ്ടാകും. അഗമ്യമായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി ധനസമ്പാദനത്തിന്‌ ശ്രമിക്കും.
നേത്രസംബന്ധമായ അസുഖങ്ങള്‍ക്കിടയുണ്ട്‌. ദുര്‍ചിന്തകള്‍ മനസ്സില്‍ വന്നുചേരുവാനുമിടയുണ്ട്‌. വാഹനം, ഭൂമി എന്നിവ നിമിത്തമായി ധനാഗമം പ്രതീക്ഷിക്കാം. യാത്രകള്‍ ഫലവത്താകും. സജ്‌ജനങ്ങള്‍ ബഹുമാനിക്കും. പെട്ടെന്നുണ്ടാകുന്ന കോപം നിമിത്തം അബദ്ധങ്ങളില്‍ ചെന്നു ചാടാനിടയുള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.
ദോഷപരിഹാരാര്‍ത്ഥമായി മാസംപ്രതി ദുര്‍ഗ്ഗാദേവിക്ഷേത്രത്തില്‍ കഠിനമധുര നിവേദ്യസഹിതം രക്‌തപുഷ്‌പാജ്‌ഞലി, നെയ്യ്‌ വിളക്ക്‌ എന്നീ വഴിപാടുകള്‍ നടത്തിക്കുക. ധര്‍മ്മ ദൈവപ്രീതികരങ്ങളായ കര്‍മ്മങ്ങളനുഷ്‌ഠിക്കുക.

വനദുര്‍ഗ്ഗ

അരിശംഖകവാല വേടബാണാന്‍
സധനുശ്ശൂലുക തര്‍ജ്‌ജനീര്‍ ദധാനാ
ഭവതാം മഹിഷോത്തമാംഗ സംസ്‌ഥാ
നവ ഭുര്‍വ്വാസദൃശീ ശ്രീയേസ്‌തു ദുര്‍ഗ്ഗാ.

പാടൂര്‍ ജ്യോത്സ്യന്‍
കെ.പി. ശ്രീവാസ്‌തവ്‌

പാടുര്‍ ജ്യോത്സ്യന്‍ എ.രാമദാസ് . എന്റെ ഗുരുനാഥന്‍

സമ്പൂര്‍ണ്ണ ജാതകം

ഗ്രഹനില , അംശകം , ഭാവം , സ്ഫുടങ്ങള്‍ , അഷ്ടവര്‍ഗ്ഗം , യോഗങ്ങള്‍ ,ദശാകാലങ്ങള്‍ ,എന്നിവയ്ക്കു പുറമേ
ഭാവഫലം ,ഭാവാശ്രയഫലം , അഷ്ടവര്‍ഗ്ഗഫലം ,യോഗഫലം , ദശാഫലം ,എന്നിവകൂടി ചേര്‍ത്ത സമ്പൂര്‍ണ്ണജാതകം